ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ശക്തം. പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ പന്ത്രണ്ടാംസ്ഥാനം വാർഷിക വരുമാന കാര്യത്തിൽ ഒറ്റപ്പാലത്തിനുണ്ടായിട്ടും റെയിൽവേ കനിയുന്നില്ലന്നാണു പരാതി.
വരുമാന കാര്യത്തിൽ കേരളത്തിൽ മുൻനിരയിലുള്ള റെയിൽവേ സ്റ്റേഷനുകളുടെ എണ്ണത്തിൽ ഇരുപത്തിമൂന്നാം സ്ഥാനം ഒറ്റപ്പാലത്തിനുണ്ട്. വാർഷിക വരുമാനം 21 കോടിക്കും മുകളിലാണെന്നാണ് കണക്ക്.
അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷൻ നവീകരണം അന്തിമഘട്ടത്തിലാണ്.
സ്റ്റേഷനിൽ ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പില്ലാത്തത് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. തൃശൂരിനും പാലക്കാടിനും ഇടയിൽ 75 കിലോമീറ്റർ ദൂരത്തിൽ പല വണ്ടികളും സ്റ്റോപ്പ് ഇല്ലാതെയാണ് ഓടികൊണ്ടിരിക്കുന്നത്.
ഇതുകൊണ്ടുതന്നെ മധ്യകേരളത്തിലുള്ള യാത്രക്കാർ മണിക്കൂറോളം യാത്രചെയ്ത് തൃശൂരിലോ പാലക്കാടോ പോയി ട്രെയിൻ കയറേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് പരിഹാരമായി പ്രധാനപ്പെട്ട കുറച്ച് ട്രെയിനുകൾക്ക് കൂടി ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിക്കണം എന്നുള്ളതാണ് പ്രധാനമായ ആവശ്യം.